കഴിഞ്ഞ കാലത്തിൻ്റെ ചരിത്രത്തേക്കാൾ വരാനിരിക്കുന്ന നല്ല കാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങളെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു
എന്ന് തോമസ് ജെഫേഴ്സൻ്റെ വാക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് കഴിഞ്ഞകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ മാത്രം നമ്മൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ നമ്മുടെ മിക്ക പ്രവർത്തന മേഖലകളിലും പാളിച്ചകളുടെയും തെറ്റുകളുടെയും എണ്ണം കൂട്ടിയിരിക്കും എന്ന വസ്തുതയാണ്. കഴിഞ്ഞകാലത്തിൻ്റെ ചുവർ ചിത്രങ്ങൾ കൊണ്ട് നമ്മുടെ മനസ്സ് നിറഞ്ഞിരിക്കുമ്പോൾ അവിടെ ഭാവിസ്വപ്നങ്ങൾക്ക് ഇടംകിട്ടില്ല. ഇന്നലകളെയോർത്ത് വിലപിക്കുന്നവർ ഇന്നിൻ്റെ സന്തോഷം നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുപോലെ നാളയെ ഓർത്ത് ആകുലപ്പെടുന്നവർക്കും ഇന്നിൻ്റെ സന്തോഷം അന്യമാവുകയാണ്. നമ്മുടെ കഴിഞ്ഞദിനങ്ങൾ എന്നേക്കുമായി അതിൻ്റെ വഴിക്ക് പോയിക്കഴിഞ്ഞു. അതിനെ തിരിച്ചുപിടിക്കാനോ തിരുത്താനോ നോക്കിയാൽ നടക്കില്ല. കഴിഞ്ഞ കാലത്തേക്കാൾ മനോഹരവും സന്തോഷകരവും മധുരകരവുമായ ദിനങ്ങളാണ് ഇനി നമ്മുക്ക് വരുവാനുള്ളത് എന്ന ബോധ്യത്തിലേക്ക് നാം വളരണം. ഓസ്കർ വൈൽഡ് ഒരിക്കൽ പറഞ്ഞതുപോലെ, തൻ്റെ ജീവിതത്തിലെ കഴിഞ്ഞ കാലങ്ങളെ തിരിച്ചു വാങ്ങാൻ മാത്രം ധനികനായി ഈ ലോകത്തിൽ ആരും ഇല്ല. നമ്മുടെ ജീവിതത്തിൽ സന്തോഷം നിലനിർത്താനുള്ള ഒന്നാമത്തെ നിയമം കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള അതിരുകടന്ന ആധിയും ചിന്തകളും ഉപേക്ഷിക്കുക എന്നതാണ്. കാരണം, നമ്മുടെ കഴിഞ്ഞ കാലങ്ങൾ ഒരിക്കലും നമ്മുക്ക് കൈവരാനിരിക്കുന്ന നല്ല നാളേക്ക് സമമല്ലാ , തീർച്ച!അതുകൊണ്ടാണ് വചനം നമ്മെ ഓർമ്മിപ്പിക്കുന്നത്: “നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മററുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും. അതിനാൽ, നാളെയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതാതിൻ്റെ ക്ളേശം മതി”(മത്താ. 6:33-34). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.