ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവ് എല്ലാവരും എപ്പോഴും കൂടെയുണ്ടാവില്ല എന്ന തിരിച്ചറിവാണ്. അതുകൊണ്ടുതന്നെ ജീവിതത്തിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെയും പ്രതിസന്ധികളെയും, തടസ്സങ്ങളെയും വിജയകരമായി അതിജീവിക്കാൻ നമ്മൾ ചിലപ്പോഴെങ്കിലും ഒറ്റക്ക് പോരാടേണ്ടി വരും. ഇതിനായി ചില സ്വഭാവസവിശേഷതകൾ നമ്മൾ സ്വയത്തമാക്കേണ്ടതുണ്ട്. ആദ്യമായി പ്ലാൻ ചെയ്യുക.’ വരുന്നത് വരുന്നിടത്തുവച്ച് കാണാം’ എന്ന പഴയരീതിയിൽ നിന്നും മാറി ജീവിതത്തിൽ മുൻകൂട്ടി പദ്ധതികൾ തയ്യാറാക്കുന്ന രീതിയിലേക്ക് നാം കടന്നു വരണം. താല്കാലിക കാര്യങ്ങളിൽ മാത്രം ശ്രദ്ധികേന്ദ്രീകരിക്കുന്നവരാകാതെ, താല്ക്കാലിക നേട്ടങ്ങൾക്കു വേണ്ടി മാത്രം അധ്വാനിക്കുന്നവരാകാതെ ഭാവിയിലേക്ക് ലക്ഷ്യംവച്ചു കൊണ്ട് ജീവിതത്തിൽ പദ്ധതികൾ ആവിഷ്കരിക്കാൻ ശ്രദ്ധയുള്ളവരാകണം നമ്മൾ. അടുത്തതായി, ഉണർന്നു പ്രവർത്തിക്കുന്നവരാകണം നമ്മൾ. ജീവാത വഴികളിലെ പ്രതിബന്ധങ്ങളെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കിക്കഴിഞ്ഞാൽ അവയെ അതിജീവിക്കാൻ നാം ഉടൻ ഉണർന്നു പ്രവർത്തിക്കണം. ഇതിനുപകരം സംഭവിക്കാനിടയുള്ള പ്രതിബന്ധങ്ങളുടെയും പ്രതിസന്ധികളുടെയും, അവയുടെ അനന്തരഫലങ്ങളെയും കുറിച്ചുമുള്ള ഭയംനിമിത്തം ഒന്നും ചെയ്യാതെ നിഷ്ക്രിയരായി മാറിനിൽക്കുവാനാണ് നാം ശ്രമിക്കുന്നതെങ്കിൽ ജീവിതത്തിൽ പരാജയം സുനിശ്ചിതമാണ് നമ്മുക്ക് എന്ന കാര്യം മറക്കാതിരിക്കാം. താങ്ങിനിർത്താൻ ആരെങ്കിലുമുണ്ട് എന്നുകണ്ടാൽ ഉറുമ്പുകടിച്ചാലും നമ്മൾ അലറിവിളിക്കും.എന്നാൽ നമ്മുക്ക് താങ്ങായി അധികം കൈകളില്ല എന്ന ബോധ്യമുണ്ടായാൽ ഭൂമികുലുക്കം വന്നാലും നമ്മൾ പിടിച്ചു നില്ക്കും.വചനം നമ്മെ ഓർമ്മിപ്പിക്കുന്നു;”നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാർഥതയോടെ ചെയ്യുവിൻ” എസ്.കുറ്റിക്കാട്ട്, സി.എം.ഐ.