• ബുധൻ. ഒക്ട് 20th, 2021

Cat-NewGen

Language of Jesus and His Church is Love

അമേരിക്കയിലെ ഏറ്റവും വലിയ ഇടവക ദേവാലയം കാലിഫോര്‍ണിയയില്‍ ഉയരുന്നു : വിസ്തീര്‍ണ്ണം 33,000 ചതുരശ്ര അടി

Avatar

ByJerin Joseph

സെപ് 20, 2021

വിസാലിയ: അമേരിക്കയിലെ ഏറ്റവും വലിയ ഇടവക ദേവാലയം സെന്റ് ചാള്‍സ് ബൊറോമിയോ കത്തോലിക്കാ ദേവാലയത്തിന്റെ നിര്‍മ്മാണം കാലിഫോര്‍ണിയയില്‍ അധികം താമസിയാതെ പൂര്‍ത്തിയാകും. കാലിഫോര്‍ണിയ വിസാലിയയില്‍ നിര്‍മ്മിക്കുന്ന ദേവാലയത്തില്‍ ഒരേസമയം ഏതാണ്ട് മൂവായിരത്തിഇരുന്നൂറോളം വിശ്വാസികളെ ഉള്‍കൊള്ളുവാനാകും. 2022-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വിവിധ ഇടവകകളുടേയും, കൂട്ടായ്മകളുടേയും ആത്മീയ കേന്ദ്രമായി ഈ ദേവാലയം മാറുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. വാഷിംഗ്‌ടണ്‍ ഡി.സി യിലെ ബസലിക്ക ഓഫ് ദി നാഷണല്‍ ഷ്രൈന്‍ ഓര്‍ ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയമാണ് ഏറ്റവും കൂടുതല്‍ ആളുകളെ ഉള്‍കൊള്ളുന്ന ദേവാലയ കെട്ടിടം. പക്ഷേ ഈ ദേവാലയത്തെ ഇടവകദേവാലയമായി പരിഗണിക്കുന്നില്ല.

കാലിഫോര്‍ണിയയുടെ മിഷന്‍ ചരിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് 33,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണ ശൈലി. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇരിപ്പിട ക്ഷമതയുടെ കാര്യത്തില്‍ അമേരിക്കയിലെ മറ്റ് ഇടവക ദേവാലയങ്ങളേക്കാള്‍ മുന്നിലായിരിക്കും സെന്റ്‌ ചാള്‍സ് ബൊറോമിയോ കത്തോലിക്കാ ദേവാലയം. ഫ്രെസ്നോ രൂപതയുടേയും സ്വകാര്യ വ്യക്തികളുടേയും സംഭാവനകള്‍ കൊണ്ടാണ് ദേവാലയം നിര്‍മ്മിക്കുന്നത്.

അള്‍ത്താരക്ക് മുകളിലായിട്ടുള്ള അഷ്ടഭുജങ്ങളോടു കൂടിയ താഴികകുടത്തില്‍ നാല് സുവിശേഷകരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യും. പരിശുദ്ധ ത്രിത്വത്തിന്റെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന വിശുദ്ധ ഗണത്തേയും അവര്‍ക്ക് മുകളിലായി പ്രധാന മാലാഖമാരേയും ചിത്രീകരിക്കുന്ന 48 അടി വലുപ്പമുള്ള കാന്‍വാസ് ചുവര്‍ ചിത്രം മറ്റൊരു പ്രധാന ആകര്‍ഷണമായിരിക്കും. കാര്‍ഷിക മേഖലയായ വിസാലിയയില്‍ കാണപ്പെടുന്ന നാരകങ്ങളും, പശുക്കളും ചിത്രത്തിന്റെ പ്രമേയമായിരിക്കും. അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന വൈദികരുടെ അഭാവമാണ് വലിയ ദേവാലയ നിര്‍മ്മാണത്തിന്റെ പ്രധാന കാരണം. മറ്റ് ഭാഗങ്ങളേപ്പോലെ തന്നെ കാലിഫോര്‍ണിയയിലും വൈദികരുടെ എണ്ണം കുറഞ്ഞുവരികയാണ്.

വിസാലിയ മേഖലയിലെ പുരോഹിതരുടെ കുറവ് മറികടക്കുന്നതിനായി 2016-ല്‍ മൂന്ന്‍ ഇടവകകളെ ഗുഡ്ഷെപ്പേര്‍ഡ് ഇടവകയില്‍ ലയിപ്പിക്കുകയുണ്ടായി. ഒരു കേന്ദ്രീകൃത ദേവാലയ കെട്ടിടമില്ലായിരുന്നുവെങ്കിലും വിസാലിയയുടെ ചുറ്റുപാടുമുള്ള മേഖലകളില്‍ 3 വൈദികര്‍ ആഴ്ചതോറും 11 കുര്‍ബാനകള്‍ വീതം അര്‍പ്പിച്ചു വരികയായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ചാള്‍സ് ബൊറോമിയോ ദേവാലയം വിവിധ വംശങ്ങളുടെ ആത്മീയ കേന്ദ്രമായി മാറും. വിസാലിയയിലെ ഭൂരിഭാഗവും ലാറ്റിനോ ആണെങ്കിലും, പോര്‍ച്ചുഗീസുകാരും, മറ്റ് യൂറോപ്യന്‍ വംശജരും, വിയറ്റ്നാമികളും, ഫിലിപ്പീനോകളും ഇടവകജനതയില്‍ ഉള്‍പ്പെടും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു