• വെള്ളി. ഏപ്രി 16th, 2021

Cat-NewGen

Language of Jesus and His Church is Love

ഇറാക്ക് സന്ദർശിക്കുന്ന കത്തോലിക്കാസഭയുടെ തലവനായ ഫ്രാൻസിസ് പാപ്പാ ഇറാക്കിലെ ക്രൈസ്തവ വിശ്വാസികൾക്ക് അയച്ച ഹൃദയസ്പർശിയായ വീഡിയോ സന്ദേശം: “സമാധാനത്തിന്റെ ഒരു തീർത്ഥാടകനായി ഞാൻ നിങ്ങളുടെ ഇടയിലേക്ക് വരുന്നു…”

Avatar

ByAnn Theresa

മാര്‍ 5, 2021

ഇറാക്കിലെ പ്രിയ സഹോദരീസഹോദരന്മാരേ, നിങ്ങൾക്ക് സമാധാനം!

ഈ ദിവസങ്ങളിൽ ഞാൻ നിങ്ങളുടെ ഇടയിൽ ഉണ്ടാകും! പുരാതനവും അസാധാരണവുമായ നാഗരികതയുടെ പിള്ളത്തൊട്ടിലായ നിങ്ങളുടെ ഭൂമി സന്ദർശിക്കാനും
നിങ്ങളെ കണ്ടുമുട്ടാനും നിങ്ങളുടെ ഒരോരുത്തരുടെയും മുഖം നേരിൽ കാണാനും ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. ഒരു തീർത്ഥാടകനെന്ന നിലയിലാണ് ഞാൻ നിങ്ങളുടെ ഇടയിലേയ്ക്ക് വരുന്നത്. വർഷങ്ങളോളം യുദ്ധത്തിൻ്റെയും ഭീകരതയുടെയും ദുരിതങ്ങൾക്ക് ശേഷം നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്നതിനും നിങ്ങളുടെ മുറിവുകൾ ഉണക്കുന്നതിനും പാപമോചനത്തിനും അനുരഞ്ജനത്തിനുമായി കർത്താവിനോട് അപേക്ഷിക്കുന്നതിനും, സമാധാനത്തിന്റെ ഒരു തീർത്ഥാടകനായി ഞാൻ നിങ്ങളുടെ ഇടയിലേയ്ക്ക് വരുന്നു…

കഠിനമായ പരീക്ഷണങ്ങൾക്കിടയിലും യേശുവിലുള്ള വിശ്വാസത്തിന് സാക്ഷ്യം വഹിച്ച പ്രിയ ക്രിസ്ത്യൻ സഹോദരീസഹോദരന്മാരേ, നിങ്ങളെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു “രക്തസാക്ഷി സഭയെ” കണ്ടുമുട്ടുന്നതിൽ ഞാൻ അഭിമാനിക്കുന്നു: നിങ്ങളുടെ വിലയേറിയ സാക്ഷ്യത്തിന് നന്ദി! നിങ്ങൾക്കറിയാവുന്ന അനേകം രക്തസാക്ഷികൾ സ്നേഹത്തിന്റെ എളിയ ശക്തിയിലും വിശ്വാസത്തിലും നിലനിൽക്കുവാൻ നിങ്ങളെ സഹായിക്കട്ടെ.

നശിച്ച വീടുകളുടെയും മലിനമായ പള്ളികളുടെയും ചിത്രങ്ങൾ നിങ്ങളുടെ കൺമുമ്പിൽ ഉണ്ട്. അതുപോലെ തന്നെ ഇന്നും നിങ്ങളുടെ ഹൃദയത്തിൽ വാത്സല്യത്തിന്റെ മുറിവുകളും ഉപേക്ഷിക്കപ്പെട്ട വീടുകളും ഉണ്ട്. പീഡിതരായ മിഡിൽ ഈസ്റ്റിലുള്ള ക്രൈസ്തവ വിശ്വാസികൾക്ക് തിരുസഭ മുഴുവൻ്റെയും വാത്സല്യം നിറഞ്ഞ സ്പർശനവും സ്നേഹവും കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. തിരുസഭ നിങ്ങളുടെ കൂടെയുണ്ട് എന്ന ചിന്ത ധീരതയോടെ മുന്നോട്ട് പോകാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കട്ടെ.

നിങ്ങൾ അനുഭവിച്ച ഭയാനകമായ കഷ്ടപ്പാടുകൾ എന്നെ വളരെയധികം വേദനിപ്പിക്കുന്നു. എല്ലാം വിട്ടെറിഞ്ഞ് ദൈവസ്വരത്തിന് സ്വയം വിട്ടു കൊടുത്തപ്പോൾ അബ്രാഹത്തിന് ഒരിക്കലും പ്രത്യാശ നഷ്ടപ്പെട്ടില്ല. അദ്ദേഹം ദൈവത്തിൻ്റെ വാഗ്ദാനത്തിൽ ആശ്രയിച്ച് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അനേകം സന്തതികളുടെ പിതാവായി. സഹോദരീസഹോദരന്മാരേ, നമുക്കും നക്ഷത്രങ്ങളെ നോക്കാം… അവിടെയാകുന്നു സർവ്വശക്തനായ ദൈവത്തിൻ്റെ വാഗ്ദാനം.

പ്രിയ സഹോദരീസഹോദരന്മാരേ, ഈ വർഷങ്ങളിൽ ഞാൻ നിങ്ങളെക്കുറിച്ച് ഒത്തിരി ചിന്തിക്കുകയും ആകുലപ്പെടുകയും ചെയ്തിട്ടുണ്ട്. നിങ്ങൾ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ടെങ്കിലും ഉപേക്ഷിക്കപ്പെട്ടിട്ടില്ല. ക്രിസ്ത്യാനികളേ, മുസ്ലീങ്ങളേ, യസീദികളേ… വളരെയധികം കഷ്ടത അനുഭവിച്ച യസീദി
ജനതയേ.. നിങ്ങൾ എല്ലാവരും സഹോദരന്മാരാണ്. പ്രത്യാശയുടെ തീർത്ഥാടകനായി ഞാൻ ഇപ്പോൾ നിങ്ങളുടെ മുറിവേറ്റതും എന്നാൽ അനുഗ്രഹീതവുമായ ദേശത്തേക്ക് വരുന്നു. നിങ്ങളിൽ നിന്ന്, നിനിവേയിൽ നിന്ന്, യോനായുടെ പ്രവചനം വീണ്ടും ഉയരുന്നു. അത് നാശത്തെ തടയുകയും ഒരു പുതിയ പ്രത്യാശ, അതായത്, ദൈവത്തിന്റെ പ്രത്യാശ ഉദിപ്പിക്കുകയും ചെയ്യും. പുനർനിർമ്മിക്കാനും പുനരാരംഭിക്കാനും നമ്മെ പ്രോത്സാഹിപ്പിക്കുന്ന ഈ പ്രത്യാശ നമ്മിൽ വളരാൻ നമുക്ക് അനുവദിക്കാം. പകർച്ചവ്യാധിയുടെ ഈ ദുഷ്‌കരമായ സമയങ്ങളിൽ, സാഹോദര്യത്തെ ശക്തിപ്പെടുത്തുന്നതിനും സമാധാനത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനും എല്ലാ മത പാരമ്പര്യത്തിലുമുള്ള സഹോദരീസഹോദരന്മാർ ഒരുമിച്ച് പരസ്പരം സഹായിക്കാം. സഹസ്രാബ്ദങ്ങൾക്ക് മുമ്പ്, അബ്രാഹം തന്റെ യാത്ര ആരംഭിച്ചത് ഇവിടെ നിന്നാണ്. ഇന്ന് അതേ മനോഭാവത്തിൽ, സമാധാനത്തിന്റെ പാതകളിൽ ഒരുമിച്ച് തുടരേണ്ടത് നമ്മളാണ്.

ഇക്കാരണത്താൽ, നിങ്ങളുടെ എല്ലാവരുടെയും മേൽ ഞാൻ അത്യുന്നതന്റെ സമാധാനവും അനുഗ്രഹവും അഭ്യർത്ഥിക്കുന്നു. അബ്രാഹമിനെപ്പോലെ തന്നെ ചെയ്യാൻ ഞാൻ എല്ലാവരോടും ആവശ്യപ്പെടുന്നു: പ്രതീക്ഷയോടെ നടക്കുക, ഒരിക്കലും നക്ഷത്രങ്ങളെ നോക്കുന്നത് അവസാനിപ്പിക്കരുത്. നിങ്ങൾ ഓരോരുത്തരോടും എനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു… നന്ദി…

വിവർത്തനം:

സി. സോണിയ തെരേസ് ഡി. എസ്. ജെ

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു