സാൻ ഫ്രാൻസിസ്കോ (അമേരിക്ക): ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന നിലപാട് തുടർച്ചയായി സ്വീകരിച്ചതിന്റെ പേരിൽ യു.എസ്. ഹൗസ് സ്പീക്കർ നാൻസി പെലോസി വിശുദ്ധ കുർബാന സ്വീകരിക്കുന്നത് തടഞ്ഞ് സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോറ കോർഡിലിയോണി. പ്രത്യക്ഷമായ മാരക പാപത്തിൽ കഴിയുന്ന ആളുകൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന കാനോൻ നിയമ സംഹിതയിലെ 915 നിയമം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആർച്ച് ബിഷപ്പ്, നാൻസി പെലോസിക്ക് വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയത്.ഭ്രൂണഹത്യ അനുകൂല നിലപാടിൽ മാറ്റം ഉണ്ടാകുന്നതുവരെ നാൻസി പെലോസിക്ക് ഇനി വിശുദ്ധ കുർബാന സ്വീകരിക്കാൻ സാധിക്കില്ല. .ഡെമോക്രാറ്റിക് പാർട്ടി അംഗമായ സ്പീക്കറിന് വിശുദ്ധ കുർബാന നൽകരുതെന്ന നിർദേശവും ആർച്ച് ബിഷപ്പ് അതിരൂപതയിലെ വൈദികർക്ക് നൽകിയിട്ടുണ്ട്.കോർഡിലിയോണിയുടെ നിർദ്ദേശം സാൻഫ്രാൻസിസ്കോ അതിരൂപതയിൽ മാത്രമായിരിക്കും പ്രാബല്യത്തിൽ വരിക.നിരവധിതവണ വിഷയത്തെപ്പറ്റി ചർച്ചചെയ്യാൻ സ്പീക്കറിനെ ക്ഷണിച്ചി രുന്നു.പരാജയമായിരുന്നു ഫലം.ഇപ്പോൾ അജപാലനപരമായി മാത്രമാണ് നടപടി എടുത്തിരിക്കുന്നത്.രാഷ്ട്രീയപരമായ നടപടിയല്ല ഇത്. സാൽവത്തോറ കോർഡിലിയോണി പറഞ്ഞു.മറ്റ് രൂപതകളിലെ തീരുമാനമെടുക്കേണ്ടത് അതാത് രൂപതകളിലെ മെത്രാന്മാരാണ്.
തന്റെ തീരുമാനം അതിരൂപതയിലെ അംഗമായ നാൻസിയെ മെയ് 19ന് അറിയിച്ചിരുന്നു. താൻ സ്ഥിരമായി വിശുദ്ധ കുർബാന സ്വീകരിക്കുന്ന ആളായതിനാൽ, വിശുദ്ധ കുർബാന സ്വീകരിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ അത് വലിയ തിരിച്ചടി ആയിരിക്കുമെന്ന് 2008ൽ സി-സ്പാനിന് നൽകിയ അഭിമുഖത്തിൽ നാൻസി പെലോസി പറഞ്ഞിരുന്നു. .
അതിരൂപതയിലെ വൈദികർക്ക് അയച്ച കത്തിൽ താൻ വിശുദ്ധ കുർബാനയെ ആയുധമാക്കുകയല്ല മറിച്ച് സഭാ നിയമം പ്രാബല്യത്തിൽ നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ആർച്ച് ബിഷപ്പ് കോർഡിലിയോണി വ്യക്തമാക്കി.