കാരണം, ഇത്തരമൊരു മനോഭാവത്തിൻ്റെ പിൻബലത്തിൽ ജീവിതത്തിലേക്ക് കടന്നുവരുന്ന വലുതും ചെറുതുമായ മിക്ക വീഴ്ചകൾക്കും പരാജയങ്ങൾക്കും അപ്പുറമുള്ള വലിയ സന്തോഷങ്ങളുടെയും വിജയങ്ങളുടെയും അനുഭവങ്ങൾ സ്വന്തമാക്കാൻ നമുക്ക് സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിനായി അത്യാവശ്യമായി നമുക്ക് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട രണ്ട് ഗുണങ്ങളാണ് സ്വന്തം കഴിവിലുള്ള കറതീർന്ന ആത്മവിശ്വാസവും, മുന്നിലുള്ള ഏതു തടസ്സങ്ങളെയും അതിജീവിക്കാൻ സാധിക്കുന്ന തരത്തിലുള്ള നമ്മുടെ ഇച്ഛാശക്തിയും. അതോടൊപ്പം മറ്റുള്ളവരെ ചാരിനിന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ടുംമാത്രം ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുന്നതും അവ നടപ്പാക്കുന്നതുമായ രീതി കഴിവതും നമ്മിൽ നിന്നും നീക്കിക്കളയുകയും വേണം. കാരണം, ദൈവം നമുക്ക് തന്നിരിക്കുന്ന ഈ ജീവിതം അതിൻ്റെ പൂർണതയിൽ ജീവിച്ചു തീർക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്. ഓർക്കുക ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടാൻ, എന്തെങ്കിലുമൊക്കെ ആയിത്തീരൻ നമ്മുടെ മുൻപിലുള്ള ഏകപരിമിതി നമ്മുടെ മനസ്സു മാത്രമാണ്. അതുകൊണ്ട് സ്വന്തം ആഗ്രഹങ്ങളൊക്കെ ആവശ്യങ്ങളാക്കി മാറ്റിക്കൊണ്ട് നമ്മൾ നമ്മുടെ ലക്ഷ്യപ്രാപ്തിക്കായിട്ടുള്ള പരിശ്രമം തുടരുക തന്നെ ചെയ്യണം. വചനം പറയുന്നു: “ഹൃദയപരമാർത്ഥതയില്ലാത്തൻ പരാജയപ്പെടും. എന്തെന്നാൽ, നീതിമാൻ തൻ്റെ വിശ്വസ്തത മൂലം ജീവിക്കും”(ഹബക്കുക്ക്.2:4). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.