ബെയ്ജിംഗ്: ചൈനയില്‍ വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കടിഞ്ഞാണ്‍ ഇട്ടുകൊണ്ട് പുതിയ വിലക്കുകള്‍ പ്രഖ്യാപിച്ചു. വിശുദ്ധ കുര്‍ബാന, ഇതര ചടങ്ങുകള്‍, വൈദിക സന്യസ്തരുടെ രൂപീകരണം തുടങ്ങിയവ ചൈനീസ് സംസ്കാരത്തിന് ഭീഷണിയാണെന്ന് സര്‍ക്കാര്‍ പറയുന്നു. ക്രിസ്തുമസ് തുടങ്ങി വിവിധ ആഘോഷങ്ങളെ പുതിയ വിലക്കുകള്‍ ബാധിക്കും. സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന് ഓഫ് റിലീജിയസ് അഫയേഴ്സ് ഡിസംബര്‍ 20-ന് പ്രഖ്യാപിച്ച വിലക്കുകള്‍ 2022 മാര്‍ച്ച് 1 മുതലാണ് പ്രാബല്യത്തില്‍ വരിക.
ഓണ്‍ലൈനിലൂടെയുള്ള വിശ്വാസപരമായ പ്രവര്‍ത്തനങ്ങളേയാണ് ഇത് കൂടുതലായി ബാധിക്കുക. ഓണ്‍ലൈനിലൂടെയുള്ള മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിമുതല്‍ സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമായി വരുമെന്നാണ് പ്രഖ്യാപനത്തില്‍ പറയുന്നത്. പുതിയ വിലക്കുകള്‍ക്ക് ഡിസംബര്‍ മൂന്നിനാണ് കേന്ദ്ര ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ താല്‍പ്പര്യപ്രകാരമാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതെന്നു ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന ഒരു സോഷ്യലിസ്റ്റ് രാജ്യമാണെന്ന കാര്യം മതങ്ങള്‍ മനസ്സിലാക്കണമെന്നും വിദേശ സ്വാധീനങ്ങളെ ഉപേക്ഷിക്കണമെന്നും ജിന്‍പിങ് വ്യക്തമാക്കിയിരുന്നു.
ഓണ്‍ലൈന്‍ വഴി മതപരമായ വിവരങ്ങള്‍ പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രൊവിന്‍ഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റിലീജിയസ് അഫയേഴ്സിന്റെ പക്കല്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രത്യേക ലൈസന്‍സ് ലഭിച്ചാല്‍ മാത്രമേ ഇനിമുതല്‍ സെമിനാരികള്‍ക്കും, ദേവാലയങ്ങള്‍ക്കും, വ്യക്തികള്‍ക്കും വിശ്വാസപരമായ ചടങ്ങുകളും പ്രസംഗങ്ങളും, ഓണ്‍ലൈനിലൂടെ സംപ്രേഷണം ചെയ്യുവാന്‍ കഴിയുകയുള്ളൂ. ഓണ്‍ലൈനിലൂടെ മതപരമായ കാര്യങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിനും, ചൈനയിലുള്ള വിദേശ സംഘടനകളുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കുണ്ട്. മതങ്ങളെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കനുസൃതമായി സാംസ്കാരികവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ 2015-ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമാണ് ഈ വിലക്കുകളെന്ന കാര്യം വ്യക്തമാണ്.