മാതാവിൻ്റെ ലൂർദിലെ പ്രതീക്ഷികരണത്തെയും അത് നേരിൽ ദർശിച്ച ബർണ്ണദീത്ത എന്ന ഇടയ പെൺകുട്ടിയുടെ ജീവിതവും ആസ്പദമാക്കി വെർഫൽ 1941 ൽ പുറത്തിറക്കിയ നോവലാണ് ” സോങ്ങ് ഓഫ് ബർണഡെറ്റ്”(song of Bernadette). ഈ നോവൽ പിന്നീട് ഇതേ പേരിൽ സിനിമയാക്കി 1943ൽ സിനിമ പുറത്ത് വന്നു. 12 ഓസ്കർ നോമിനേഷനുകൾ ഈ സിനിമക്ക് ലഭിച്ചു. ഒപ്പം ബർണഡെറ്റ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നടി ജെനിഫർ ജോൺസ് മികച്ച നടിക്കുള്ള ഓസ്കാറിന് അർഹയായി.
ജർമൻകാരനായ വെർഫെൽ എന്ന യഹൂദൻ ലൂർദ് മാതാവിനേ കുറിച്ചുള്ള നോവൽ എഴുതാൻ ഉണ്ടായ കാരണം അൽഭുതപ്പെടുത്തുന്നതാണ്. വെർഫെൽ പ്രശസ്തനായ ഒരു നാടക കൃത്തായിരുന്ന്. ഹിറ്റ്ലർ യഹൂദരെ വേട്ടയാടിയ കാലത്ത് അദ്ദേഹവും കുടുംബവും ഫ്രാൻസിലേക്ക് നാട് വിട്ടു. അവിടെ അവർ ഒളിവിലാണ് കഴിഞ്ഞത്. ” Song of Bernadette” എന്ന നോവലിൻ്റെ ആരംഭത്തിൽ അദ്ദേഹം എങ്ങനെയാണ് ഈ നോവൽ എഴുതിയത് എന്ന് വിവരിക്കുന്നുണ്ട്;
1940 ജൂണ്‍ മാസത്തിലെ അവസാനദിനങ്ങളായിരുന്നു, അത്. ഫ്രാന്‍സ് ജര്‍മനിയോട് പരാജയം ഏറ്റു വാങ്ങിയ സമയമായിരുന്നു അത്. ശത്രുക്കളില്‍ നിന്നും രക്ഷപ്പെട്ട് ഞങ്ങള്‍ ലൂര്‍ദിലെത്തി. ഞാനും എന്റെ ഭാര്യയും. സ്പാനിഷ് അതിര്‍ത്തി കടന്ന് പോര്ച്ചുഗലിലെത്താം എന്ന പ്രതീക്ഷയിലായിരുന്നു, ഞാന്‍. എന്റെ വിസ നിഷേധിക്കപ്പെട്ടതിനാല്‍ ഫ്രാന്‍സിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് ഓടിപ്പോകേണ്ട ദുരവസ്ഥ ഞങ്ങള്‍ക്കു വന്നു ചേര്‍ന്നു. ആ രാത്രി തന്നെയാണ് നാഷനല്‍ സോഷ്യലിസ്റ്റ് സേന ഹെന്ഡയ എന്ന അതിര്‍ത്തി പട്ടണം കൈയേറിയത്. അഭയാര്‍ത്ഥികളുടെ പ്രവാഹം മൂലം അവിടത്തെ പിരണീസ് താഴ്വരയിലെ പ്രദേശങ്ങളിലെ ക്രമസമാധാന നില ആകെ തകരാറിലായിരുന്നു. ഫ്രഞ്ചുകാരും ബെല്‍ജിയംകാരും ഡച്ചുകാരും പോളണ്ടുകാരും ആസ്ത്രിയക്കാരും ജര്മന്കാരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.
കനത്ത വിശപ്പു കൊണ്ട് മനുഷ്യര്‍ക്ക് ആകെ ഭ്രാന്തു പിടിച്ചിരുന്നു. ഭക്ഷണമാകട്ടെ വളരെ കുറവും. ആര്‍ക്കും കയറിക്കിടക്കാന്‍ വീടുണ്ടായിരുന്നില്ല. രാത്രി തല ചായ്ക്കാന്‍ ഒരു കസേര കിട്ടിയവനെ മറ്റുള്ളവര്‍ അസൂയയോടെ നോക്കി… അങ്ങനെയിരിക്കെയാണ് ഒരു കുടുംബം ഞങ്ങളോട് ലൂര്‍ദിനെ കുറിച്ചു പറഞ്ഞത്. മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള ലൂര്‍ദില്‍ ഞങ്ങള്‍ക്ക് കിടക്കാന്‍ ഒരു കൂര കിട്ടിയേക്കും എന്ന് അവര്‍ പറഞ്ഞു. അപ്രകാരം ഞങ്ങള്‍ അവിടേക്കു പോയി, കിടക്കാന്‍ ഒരിടം കിട്ടി.
അങ്ങനെയാണ് ദൈവപരിപാലന ഞങ്ങളെ ലൂര്‍ദില്‍ എത്തിച്ചത്. ലൂര്‍ദിന്റെ വിസ്മയകരമായ ചരിത്രം അതു വരെ എനിക്ക് കേവലം കേട്ടറിവ് മാത്രമായിരുന്നു. ഭയം നിറഞ്ഞു നിന്ന ആ കാലഘട്ടത്തില്‍ ഞങ്ങള്‍ ലൂര്‍ദില്‍ താമസിച്ചു. നാഷനല്‍ സോഷ്യലിസ്റ്റുകള്‍ എന്നെ വധിച്ചു എന്ന് ബ്രിട്ടിഷ് റേഡിയോ അനൗണ്‍സ് ചെയ്തു…
എന്നാല്‍ എന്നെ സംബന്ധിച്ച് അത് വലിയൊരു ദൈവാനുഭവത്തിന്റേതായിരുന്നു. പരിശുദ്ധ മാതാവിനെ ദര്‍ശിച്ച ബര്‍ണാഡെറ്റ് സോബ്രിയസ് എന്ന പെണ്‍കുട്ടിയുടെ വിസ്മയകരമായ ചരിത്രം ഞാന്‍ അടുത്തറിഞ്ഞു. ആ ദിനങ്ങളില്‍ ഞാനൊരു പ്രതിജ്ഞ എടുത്തു – ഈ ദുരിതത്തില്‍ നിന്ന് ഞാന്‍ കരേറി അമേരിക്കയില്‍ സുരക്ഷിതനായി എത്തുകയാണെങ്കില്‍ മറ്റെല്ലാ ഉത്തരവാദിത്വങ്ങളും മാറ്റി വച്ച് ഞാന്‍ ബര്‍ണാഡെറ്റിന്റെ ചരിതം എഴുതും!
ഇതാ ഈ പുസ്തകം എന്റെ പ്രതിജ്ഞയുടെ പൂര്‍ത്തീകരണമാണ്.’
ഹിറ്റ്ലറുടെ രഹസ്യപ്പോലീസായ ഗെസ്റ്റപ്പോയുടെ പിടിയില്‍ പെടാതെ വെര്ഫലിനെയും ഭാര്യയെയും ഫ്രാന്‍സിലെ പല കുടുംബങ്ങളും സംരക്ഷിച്ചു. ഓരോ കുടുംബത്തില്‍ നിന്നും വെര്‍ഫെല്‍ ലൂര്‍ദ് മാതാവിനെ കുറിച്ചും ദര്‍ശനങ്ങള്‍ കണ്ട ബര്‍ണാഡെറ്റിനെ കുറിച്ചും കേട്ടു. ലൂര്‍ദിലെ ഇടയപ്പെണ്‍കുട്ടിയുടെ കഥ അങ്ങനെ ചരിത്രവും സാഹിത്യവുമായി.